Kerala
പരവൂര്‍: രാജ്യത്തെ ദേശീയപാതകളിലും എക്സ്പ്രസ് വേകളിലുമുള്ള ടോള്‍ പ്ലാസകളുടെ നിയന്ത്രണം ഇനി വനിതകളുടെ കൈകളിലേക്ക്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 1,140 ടോള്‍ പ്ലാസകളിലായി 5,100-ലധികം വനിതാ ജീവനക്കാരെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) വിന്യസിച്ചു.
പകല്‍ ഷിഫ്റ്റുകളില്‍ ടോള്‍ ബൂത്തുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് വനിതകളെ നിയോഗിച്ചിരിക്കുന്നത്. ലിംഗപരമായ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടോള്‍ പ്ലാസകളിലെ സേവന വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം വ്യക്തമാക്കി.
പ്രധാന വ്യവസായ അസോസിയേഷനുകളുമായും ടോള്‍ പ്ലാസ ഓപ്പറേറ്റര്‍മാരുമായും നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് എന്‍എച്ച്എഐ ഈ സുപ്രധാന തീരുമാനമെടുത്തത്. ഹൈവേ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ, നാഷണല്‍ ഹൈവേസ് ബില്‍ഡര്‍ ഫെഡറേഷന് തുടങ്ങിയ സംഘടനകള്‍ ടോള്‍ പിരിവിനായി പകല്‍ ഷിഫ്റ്റുകളില്‍ വനിതാ ജീവനക്കാരെ നിയോഗിക്കുന്നതിനെ ഏകകണ്ഠമായി പിന്തുണച്ചു. നിലവില്‍ വിന്യസിച്ചിട്ടുള്ള 5000 ല്‍ അധികം പേര്‍ക്ക് പുറമെ വരും ദിവസങ്ങളില്‍ കൂടുതല്‍ വനിതകള്‍ ഈ മേഖലയിലേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയതായി ചുമതലയേറ്റ ജീവനക്കാര്‍ക്ക്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക്, തങ്ങളുടെ ജോലികള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് എന്‍എച്ച്എഐ പ്രത്യേക പരിശീലനവും നല്‍കും.
യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം, അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യല്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍, ടോള്‍ പ്രവര്‍ത്തനങ്ങളിലെ കൃത്യത തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം കേന്ദ്രീകരിക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിതവും പ്രഫഷണലുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിലൂടെ സാമൂഹിക ശാക്തീകരണം സാധ്യമാക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ പറഞ്ഞു.
District News
കാസര്‍ഗോഡ്: ദേശീയപാതയിലെ കുമ്പള ആരിക്കാടി ടോള്‍ പ്ലാസയില്‍ നാടകീയരംഗങ്ങള്‍. ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് സംഭവം.
കാസര്‍ഗോഡ് മുളിയാര്‍ സ്വദേശിയായ യുവാവും ബന്ധുവായ സ്ത്രീയും അവരുടെ രണ്ടു പെണ്മക്കളും ആറുമാസം പ്രായമായ കുഞ്ഞും അടങ്ങിയ സംഘം കാറില്‍ കുമ്പള ടോള്‍ പ്ലാസയിലെത്തിയപ്പോള് ഫാസ്റ്റ് ടാഗ് വഴി ടോള്‍ തുക ഈടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ബാരിയര്‍ ബൂം ഉയരുകയും യുവാവ് വണ്ടിയെടുക്കുകയും ചെയ്തു. എന്നാല്‍, ബാരിയര്‍ ബൂം വീണ്ടും കാറിന്റെ വിന്‍ഡ് സ്ക്രീനിലേക്ക് വീണു.
യുവാവ് ഇതേത്തുടര്‍ന്ന് ടോള്‍ പ്ലാസ ജീവനക്കാരോട് കയര്‍ത്തു. ജീവനക്കാര്‍ ഹിന്ദിക്കാരായതിനാല്‍ യുവാവ് എന്താണ് പറയുന്നതെന്ന് അവര്‍ക്ക് മനസിലാകാത്തതിനാല് തര്‍ക്കം ഏറെനേരം നീണ്ട് പ്ലാസയില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
തുടര്‍ന്ന് കുമ്പള പോലീസെത്തി യുവാവിനെ ബലം പ്രയോഗിച്ച് കാറില്‍ നിന്നും വലിച്ചിറക്കി പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. യുവാവിനെ പിന്നീട് വിട്ടയച്ചു.
Kerala
തൃശൂർ: പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാർക്ക് മർദനം. വെള്ള ഫോർച്യൂണർ കാറിൽ എത്തിയ സംഘം ഒരു പ്രകോപനവും ഇല്ലാതെ ജീവനക്കാരെ മർദിക്കുകയായിരുന്നു.
ഫാസ്റ്റ്ടാഗ് റീഡ് ചെയ്ത കാർ മുന്നോട്ട് നീക്കി നിർത്തിയ ശേഷം സംഘം കാറിൽ നിന്നിറങ്ങി ജീവനക്കാരെ മർദിച്ചു.
കസേരയിൽ വെറുതെ ഇരിക്കുന്ന ജീവനക്കാരനെ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ടോൾ പ്ലാസയിലെ ബാരിക്കേടുകൾ തകർത്ത് വാഹനങ്ങളും കടത്തിവിട്ടു. സംഭവത്തിൽ ടോൾ പ്ലാസ അതികൃതർ പോലീസിൽ പരാതി നൽകി.